അറേബ്യൻ സുവർണ്ണ കാലഘട്ടത്തിലെ ശാസ്ത്രവികാസത്തിൽ ഭാരതത്തിന്റെ പങ്ക്


സെലൂസിഡ് കാലഘട്ടം (4th century BCE)മുതൽ സസാനിഡ് കാലഘട്ടം(8th century AD) വരെ ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ സാംസ്കാരിക മേഖലകൾക്കിടയിൽ അറിവ് കൈമാറ്റം നടന്നിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിന്റെ ഏറ്റവും മികച്ച കാലഘട്ടമായി അറിയപ്പെടുന്ന ഈ സമയത്താണ് place value system, പൂജ്യം തുടങ്ങിയവയുടെ ഉദ്ഭവം. ഇതിന്റെ ആദ്യകാല ഉദ്ഭവം അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നാണ്. ഈ ശാസ്ത്രവികാസം ആറാം നൂറ്റാണ്ടിലെ പേർഷ്യൻ പണ്ഡിതന്മാരെ സ്വാധീനിച്ചു.

640-കളിൽ പേർഷ്യയിലെ പെട്ടെന്നുള്ള ഇസ്‌ലാമിക അധിനിവേശം മെഡിറ്ററേനിയൻ, ഇന്ത്യൻ പ്രദേശങ്ങൾക്കിടയിലുള്ള അറിവ് കൈമാറ്റത്തിൽ വിള്ളൽ വീഴ്ത്തി. എന്നാൽ പിന്നീട് ഗ്രീക്ക്, സംസ്‌കൃത കൃതികൾ എട്ടാം നൂറ്റാണ്ടു മുതൽ അറബിയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് കൈമാറ്റം പുനരാരംഭിച്ചു. ഇത് ഒമ്പതാം നൂറ്റാണ്ടിൽ ബാഗ്ദാദ് കേന്ദ്രീകരിച്ച് അറേബ്യൻ ലോകത്ത് ശാസ്ത്ര അഭിവൃദ്ധിക്ക് കാരണമായി. പത്താം നൂറ്റാണ്ടോടെ മുസ്ലിം അധിനിവേശ പ്രാദേശമായിരുന്ന സ്പെയിൻ, സിസിലി വഴി പടിഞ്ഞാറോട്ടുള്ള വിജ്ഞാന കൈമാറ്റം ആരംഭിച്ചു.

9 മുതൽ 11 വരെ നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ മുസ്ലീം അധിനിവേശം താൽക്കാലികമായി അവസാനിച്ച സമയത്ത്, ഇന്ത്യയും, പേർഷ്യൻ-അറബിക് സംസ്കാരങ്ങൾ തമ്മിൽ സമ്പർക്കം നിലനിന്നിരുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അൽ ബിറൂനി ഇന്ത്യയിൽ വ്യാപകമായി സഞ്ചരിച്ചു, അങ്ങനെ അദ്ദേഹം ഇസ്ലാമിക ലോകത്ത് ഇന്ത്യയെക്കുറിച്ചുള്ള അറിവിന്റെ പ്രധാന ഉറവിടമായി മാറി.

അൽ-ബിറൂനി തന്റെ താരിഖ് അൽ-ഹിന്ദ് (ഇൻഡിക്ക എന്ന് ലാറ്റിൻ ഭാഷയിൽ പുനർണാമകരണം ചെയ്തത്) എന്ന ഗ്രന്ഥത്തിൽ ആര്യഭട്ട, ബ്രഹ്മഗുപ്തൻ, വരാഹമിഹിര എന്നിവരുടെ ഇന്ത്യൻ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങൾ ചർച്ച ചെയ്യുന്നു.

ഭൂമിയുടെ ഭ്രമണം, ആകൃതി, അച്ചുതണ്ട്, ദ്രുവങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അൽ ബിറൂനി ഇന്ത്യൻ ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്ന് വിശദീകരിക്കുന്നു.

Source : Alberuni’s India. An account of the religion, philosophy, literature, geography, chronology, astronomy, customs, laws and astrology of India about A.D. 1030 by Biruni, Muhammad ibn Ahmad, 973?-1048; Eduard Sachau, Vol 1

അറബ് ചരിത്രകാരനായ ഇബ്നു നദീം (Ibn Nadeem) തന്റെ ഗ്രന്ഥമായ ഫെഹ്റിസ്റ്റിൽ (Fihrist) രേഖപ്പെടുത്തിയിട്ടുള്ള അറബിയിലേക്ക് വിവർത്തനം ചെയ്ത സംസ്കൃത കൈയെഴുത്തുപ്രതികളുടെ നീണ്ട പട്ടിക ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ ശാസ്ത്രങ്ങൾ നൽകിയ സംഭാവനകളുടെ അംഗീകാരമാണ്.

Source : The Fihrist of al-Nadim; a tenth-century survey of Muslim culture
by Ibn al-Nadim, MuhĐammad ibn IshĐaq

എട്ടാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ട അറബി സാഹിത്യത്തിലെ ആദ്യത്തെ മഹത്തായ ക്ലാസിക്കൽ കൃതി – Kalîlâ wa Dimnâ
(കലിലാ വ ദിംന) എന്ന കഥാപുസ്തകമാണ്. കൂടുതൽ പിറകോട്ട് പോയാൽ ബിസി 200-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രചിക്കപ്പെട്ട പഞ്ചതന്ത്രകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ആ കൃതി.

എന്നിരുന്നാലും, ഇന്ത്യൻ ശാസ്ത്രം ആദ്യം അറബ് ലോകത്ത് എത്തുന്നത് 772-ൽ, ഒരു മഹാനായ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞന്റെ ബാഗ്ദാദിലെ സന്ദർശനത്തെത്തുടർന്നാണ്.

ഖലീഫ അൽ-മൻസൂർ (754-775) ജ്യോതിശാസ്ത്ര പട്ടികകളുടെ അറബിയിലേക്കുള്ള വിവർത്തനം (Siddhânta) അൽ-ഫസാരിയെ ഏൽപ്പിച്ചു. ഈ വിവർത്തനം അറബിയിൽ അറിയപ്പെടുന്നത് (അസ്-സിന്ദ്ഹിന്ദ് അൽ-കബീർ). അറബിയിൽ അൽ-കബീർ എന്നാൽ “വലിയ” അല്ലെങ്കിൽ “മഹത്വമേറിയത്” എന്നാണ് അർത്ഥമാക്കുന്നത്.

Source : Geschichte des arabischen Schrifttums: Medizin, Pharmazie, Zoologie, Tierheilkunde bis ca. 430 H Fuat Sezgin

സിന്ധ് ഖലീഫ് മൻസൂറിന്റെ (എഡി 753-774) ഭരണത്തിൻ കീഴിലായിരുന്നതിനാൽ, ഇന്ത്യയുടെ സിന്ധ് ഭാഗത്ത് നിന്ന് ബാഗ്ദാദിലേക്ക് ഒട്ടനവധി പണ്ഡിതന്മാർ വന്നു, കൂടെ ഗ്രന്ഥങ്ങളും.
ഈ പണ്ഡിതരുടെ സഹായത്തോടെ അൽഫസാരിയും യാക്കൂബ് ഇബ്‌നു താരിഖും അവ വിവർത്തനം ചെയ്തു. ബ്രഹ്മഗുപ്തന്റെ കൃതികൾ അറബ് ലോകത്ത് വലിയ സ്വാധീനം ചെലുത്തി. ‘ബ്രഹ്മസ്ഫുടസിദ്ധാന്ധ’ എന്ന കൃതിയിലൂടെയാണ് അറബികൾ ആദ്യമായി ജ്യോതിശാസ്ത്ര സമ്പ്രദായം പരിചയപ്പെടുന്നത്. ടോളമിക്ക്‌ (Ptolemy, Alexandrian mathematician – Astrologer) മുമ്പ് അവർ അത് ബ്രഹ്മഗുപ്തനിൽ നിന്ന് പഠിച്ചു. അറബികൾ ഗ്രീക്ക് ശാസ്ത്രം പരിചയപ്പെടുന്നതിന് മുമ്പ് അവരെ ഗണിതശാസ്ത്രം പഠിപ്പിച്ചത് ബ്രഹ്മഗുപ്തനാണ്. അൽ-ഫസാരി ബ്രഹ്മഗുപ്തന്റെ മറ്റൊരു ഗ്രന്ഥം ‘ഖണ്ഡഖാദ്യകവും’ (Khandakhadyaka) വിവർത്തനം ചെയ്തു.

Source : Al Beruni’s India ( Link Above👆)

ഇന്ത്യൻ ജ്യോതിശാസ്ത്രം വീണ്ടും മിഡിൽ ഈസ്റ്റിൽ പ്രത്യക്ഷപ്പെട്ടു, എന്നാൽ ഇത്തവണ ഇസ്ലാമിലെ ആദ്യത്തെ മഹാനായ ഗണിതശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്ൻ മൂസ അൽ-ഖ്വാരിസ്മിയുടെ (Muḥammad ibn Mūsā al-Khwārizmī) തൂലികയിലൂടെ. അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ആറൽ കടലിന് തെക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമായ ഖ്വാരിസത്തിൽ (Khwarizm) നിന്ന് അദ്ദേഹം ബാഗ്ദാദിലെ “House of Wisdom” (വിജ്ഞാനത്തിന്റെ ഭവനം ) ത്തിലെ ഏറ്റവും സജീവവും പ്രശസ്തവുമായ പണ്ഡിതന്മാരിൽ ഒരാളായിത്തീർന്നു.

അൽ-മാമുൻ സ്ഥാപിച്ച ഈ സ്ഥാപനം, ബാഗ്ദാദിലെ ഏറ്റവും പ്രഗത്ഭരായ വിവർത്തകരും പണ്ഡിതന്മാരും ഒത്തുചേരുന്ന ഒരു ഗവേഷണ കേന്ദ്രമായി പ്രവർത്തിച്ചു. അവിടെ വെച്ചാണ് അൽ-ഖ്വാരിസ്മി zij as-Sindhind-ന്റെ രണ്ട് പതിപ്പുകൾ എഡിറ്റ് ചെയ്തത്. അൽ-ഖ്വാരിസ്മിയുടെ ശാസ്ത്ര ഉറവിടങ്ങൾ ഇന്ത്യൻ സ്രോതസ്സുകൾ ആയിരുന്നു,  ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുട-സിദ്ധാന്തവും (എഡി ഏഴാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി) സൂര്യ-സിദ്ധാന്തവും.

Source : The Algebra of Mohammed Ben Musa By Muḥammad ibn Mūsá Khuwārizmī

“സൈൻ” (Sine) എന്ന വാക്കിന്റെ പദോൽപ്പത്തി ജിബ (Jiba)എന്ന അറബിക് വാക്കിന്റെ തെറ്റായ ലാറ്റിൻ വിവർത്തനത്തിൽ നിന്നാണ് വരുന്നത് , ഇത് സംസ്‌കൃത പകുതി കോർഡ്(chord – a straight line that joins two points on a curve) എന്നർത്ഥം വരുന്ന ജ്യാ-അർദ്ധയുടെ (jya-ardha) അറബി ലിപ്യന്തരണം ആണ്.

Source : A History of Mathematics – Uta Merzbach, Carl Boyer

അബ്ബാസിദ് ഖാലിഫൈറ്റിലെ പണ്ഡിതനായ അബുൽ-ഹസൻ അൽ-ഉക്ലിദിസി, യൂക്ലിഡ്സ് എലമെന്റ്സ് (mathematical treatise consisting of 13 books attributed to the ancient Greek mathematician Euclid ) ഉപയോഗിച്ച് കണക്കുകൂട്ടുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അൽ-ഫുസുൽ ഫി അൽ-ഹിസാബ് അൽ-ഹിന്ദി (“ഇന്ത്യൻ കണക്കുകൂട്ടലിലെ അധ്യായങ്ങൾ”) എഴുതി. ഇന്ത്യൻ കണക്കുകൂട്ടൽ,  അതിന്റെ ഉപയോഗത്തിലുള്ള എളുപ്പം, വേഗത, ഓർമ്മിച്ചെടുക്കാനുള്ള എളുപ്പം, വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യാപ്തി എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.

Source : And Yet It Is Heard : Musical, Multilingual and Multicultural History of the Mathematical Sciences – Volume 1 by  Tito M Tonietti.

പേർഷ്യൻ ഗണിതശാസ്ത്രജ്ഞനായ അൽ-കറാജി(Al-Karaji) Irrational സംഖ്യാ ബഹുപദങ്ങളുടെ(polynomials) വർഗ്ഗമൂലങ്ങൾ കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. Hisab al hind എന്ന ഗ്രന്ഥത്തെ അവലംബമാക്കിയാണ് താൻ അതിനുവേണ്ടി ഗവേഷണം നടത്തിയതെന്ന് അദ്ദേഹം തന്നെ തന്റെ ഗ്രന്ഥമായ ഹിസാബ് അൽ ഹിന്ദ് (Hisab Al Hind ) ഇൽ പറയുന്നു.

INDIA’S CONTRIBUTION TO ARAB MATHEMATICS (by Khalil Jaouiche)

Principles of Hindu Reckoning Front Cover Kūshyār ibn Labbān

ബീജഗണിതത്തെക്കുറിച്ചുള്ള കൃതിയും ഹിന്ദു-അറബി സംഖ്യകളെക്കുറിച്ചുള്ള വിവരണവും (including the use of zero as a place-holder) അൽ-ഖ്വാരിസ്മിയുടെ സംഭാവനയാണെന്നതായിരുന്നു ആദ്യ കാലങ്ങളിലുള്ള ധാരണ. ആദ്യകാല ഹിന്ദു ഗണിതശാസ്ത്രത്തിന്റെ ചരിത്രം എപ്പോഴും പാശ്ചാത്യർക്ക് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അറബികൾ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഈ അറിവുകൾ വ്യാപിച്ചു. മുമ്പ് അൽ ഖ്വാരിസ്മി കണ്ടുപിടിച്ചതായി കണക്കാക്കപ്പെട്ടിരുന്ന ബീജഗണിത രീതി ഇപ്പോൾ ഹിന്ദു സ്രോതസ്സുകളിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് കാണാൻ കഴിയും. ഒമ്പത് അക്കങ്ങളും ഒരു പൂജ്യവും സ്ഥാനാധിഷ്ഠിതമായി ഉപയോഗിക്കുന്ന സ്ഥല-മൂല്യ സമ്പ്രദായം ഹിന്ദു ഉത്ഭവം ആണെന്നതിൽ സംശയമില്ല, പടിഞ്ഞാറിലേക്കുള്ള അതിന്റെ പ്രക്ഷേപണം ഗണിതശാസ്ത്രത്തിന്റെ മുഴുവൻ മേഖലകളിലും അഗാധമായ സ്വാധീനം ചെലുത്തി.

Source : The Origins of the Infinitesimal Calculus, Margaret E. Baron

ഗണിതശാസ്ത്രത്തിൽ മാത്രമല്ല വൈദ്യശാസ്ത്രത്തന്റെ കാര്യത്തിലും അന്നത്തെകാലത്ത് അറബ് പ്രവിശ്യകളിൽ ഇന്ത്യ സ്വാധീനം ചെലുത്തിയിരുന്നു.

786-ൽ അബ്ബാസ്സിദ് ഖിലഫത്തിലെ ഭരണാധികാരിയായിരുന്ന ഹാരുൺ അൽ-റഷീദിന്റെ അദ്ധ്യാപകനും ഉപദേശിയുമായിരുന്ന യഹ്‌യ ഇബ്‌ൻ ഖാലിദ് ഇബ്‌ൻ ബർമാക്, ബഗ്ദാദിലാണ് ആദ്യത്തെ ഇസ്‌ലാമിക ആശുപത്രി (ബിമാരിസ്ഥാൻ അല്ലെങ്കിൽ മാരിസ്ഥാൻ എന്നറിയപ്പെടുന്ന) സ്ഥാപിച്ചത്. 997-ൽ എഴുതിയ ഫിഹ്‌റിസ്റ്റിൽ (al fihrist) രണ്ടിടത്ത് ആശുപത്രിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ബാർമക്കിലെ ബിമാരിസ്ഥാന്റെ ഭരണാധികാരിയായ ഇബ്നു ദാൻ, അൽ ഹിന്ദി, ഇന്ത്യക്കാരനായ ഒരു പണ്ഡിതനോട്(മന്ഖ) ശുശ്രുത സംഹിത (ഒരു ഇന്ത്യൻ വൈദ്യശാസ്ത്ര പുസ്തകം) ഇന്ത്യൻ ഭാഷയിൽ നിന്ന് അറബിയിലേക്ക് വിവർത്തനം ചെയ്യാൻ ആജ്ഞാപിച്ചു.

മറ്റൊരു വൈദ്യശാസ്ത്രഗ്രന്ഥമായ ചരക സംഹിത പേർഷ്യൻ ഭാഷയിലേക്കും തുടർന്ന് ഒമ്പതാം നൂറ്റാണ്ടിൽ അബ്ദുൽ അള്ളാ ഇബ്നു അലി അറബിയിലേക്കും വിവർത്തനം ചെയ്തു.

Source : A History of Medicine: Byzantine and Islamic medicine

അബ്ബാസ്സിദ് ഖാലിഫത്തിന്റെ സമയത്ത് (750-1258) ഒരുപാട് ഇന്ത്യൻ ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് തർജ്ജമ ചെയ്തു.

Source : History of Civilizations of Central Asia, Volume 4, Part 2 By C. E. Bosworth, M.S.Asimov

എട്ടാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ബാഗ്ദാദ് കേന്ദ്രീകരിച്ചു വളർന്നു വന്ന സുവർണ്ണ കാലഘട്ടം (Golden Age) ഇസ്ലാമിന്റെ ചരിത്രത്തിൽ ശാസ്ത്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയുടെ കാലഘട്ടമായിരുന്നു. ഭാരതീയ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, സാഹിത്യം, ആരോഗ്യരംഗം എന്നിവയക്ക്‌ അറേബ്യൻ സുവർണ്ണ കാലഘട്ടം കെട്ടിപ്പടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുണ്ട്.

Leave a comment